
നിലമ്പൂരിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരൻ മരിച്ച സംഭവം രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് രാത്രിയിൽ റോഡ് ഉപരോധം ഉൾപ്പെടെ നടത്തി. സംഭവത്തെ സംസ്ഥാന സർക്കാരിനെതിരായ ആയുധമായി മാറ്റുകയാണ് യുഡിഎഫ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിൽ ഇന്നലെ വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ജിത്തു ഷോക്കേറ്റ് മരിച്ചത്. മീൻപിടിക്കാൻ പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്നും ജിത്തുവിനും മറ്റു രണ്ടുപേർക്കും ഷോക്കേറ്റത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ ചികിത്സയിലാണ്.
സർക്കാർ സ്പോൺസേഡ് കൊലപാതകമാണ് നടന്നതെന്നാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചത്. കെഎസ്ഇബിയുടെ സമ്മതത്തോടെയാണ് ഇത്തരം കെണികൾ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ ഫെൻസിങ്ങാണോ അപകടമുണ്ടാക്കിയതെന്ന് പരിശോധിക്കണമെന്ന് ഇടതു സ്ഥാനാർത്ഥി എം. സ്വരാജ് പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ഇബി ലൈനിൽ നിന്നും അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് കെണിയൊരുക്കിയത് എന്ന് കെഎസ്ഇബിയും വ്യക്തമാക്കുന്നു. കെണിയൊരുക്കിയ ആളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.











